എൻ്റെ സ്നേഹം നിറഞ്ഞ സഹപ്രവർത്തകരോട് എന്ന് ആരംഭിക്കുന്ന കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. വാട്സാപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരവധി ആളുകളാണ് വൈകാരികമായ ഈ കുറിപ്പ് ഷെയർ ചെയ്യുന്നത്.
കുറിപ്പ് ചുവടെ കൊടുക്കുന്നു :
നമ്മുടെയിടയിലെ ഒരു ഡോക്ടർക്കാണ് ഇന്നലെ ആശുപത്രിയിൽ ജോലിക്കിടെ അതിക്രൂരമായി തലക്ക് വെട്ടേറ്റത്. ഒരു ഡോക്ടർക്കെതിരെ കൊലപാതക ശ്രമം. ആരെയും നടുക്കുന്ന വാർത്ത. പ്രിയപ്പെട്ട വിപിൻ ഡോക്ടറോടും കുടുംബത്തോടും വേദനയിൽ പങ്കു ചേരുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ. ഡോക്ടർ വന്ദനാദാസിൻ്റെ അതിക്രൂരമായ കൊലപാതകം സാക്ഷര കേരളം മറന്നാലും ഡോക്ടർമാർ മറന്നിട്ടില്ല . അക്രമവും കൊലപാതകവും നടക്കുമ്പോഴൊക്കെ സുരക്ഷ ആവശ്യങ്ങളുയർത്തി നമ്മളുടെ സംഘടന കരിദിനവും പ്രതിഷേധ ദിനവും പണി മുടക്കും പ്രഖാപിക്കും. എല്ലാം അതോടെ കഴിയും. വീണ്ടും കാര്യങ്ങൾ പഴയ പടി. സമൂഹത്തിൽ കൊലപാതകങ്ങൾ വരെ നോർമലൈസ് ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ നമ്മൾ കാണാതെ പോവരുത്. അതുകൊണ്ട് തന്നെ ഇതിൻ്റെ ഭവിഷ്യത്ത് അതീവ ഗുരുതരമാണെന്ന് ആദ്യം തിരിച്ചറിയേണ്ടതും അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം ഡോക്ടർ സമൂഹത്തിന് മാത്രമായി മാറി.
സുരക്ഷ ക്രമീകരണങ്ങൾ അത്യാവശ്യം തന്നെ. സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക എന്ന ആവശ്യവും അത്യാവശ്യം തന്നെ. അതിൽ മാത്രം ഒതുക്കി നിർത്താവുന്നതാണോ നമ്മുടെ ആവശ്യം ? സംരക്ഷിത മേഖലയുടെ പുറത്ത് ഇതേ കാരണങ്ങളാൽ ഡോക്ടർ ആക്രമിക്കപ്പെടില്ലേ ?
ഈ ആവശ്യങ്ങൾക്കൊപ്പം നാമുയർത്തേണ്ടത് ആശുപത്രികളിലെ തിരക്ക് കുറക്കാൻ പര്യാപ്തമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം കൂട്ടണം എന്ന ആവശ്യമാണ്. ആരോഗ്യ രംഗത്ത് കേരളത്തിൽ ഏകദേശം 30 % മാത്രമാണ് പൊതുമേഖല സംവിധാനം അഥവാ സർക്കാർ സംവിധാനങ്ങൾ കൈ കാര്യം ചെയ്യുന്നത്. എന്നിട്ടും എന്തേ സർക്കാർ ആശുപത്രികളെ മാത്രം കേന്ദ്രികരിച്ച് പരാതികളും ചികിത്സാ നിഷേധങ്ങളും പിഴവുകളും ആരോപിക്കപ്പെടുന്നത് ?
ഒരു ഡോക്ടർക്ക് ഒരു രോഗിയോട് കാര്യങ്ങൾ അന്വേഷിച്ച് വിശദമായി പരിശോധിച്ച് രോഗ നിർണ്ണയം നടത്താനും അത് വിശദീകരിച്ച് കൊടുക്കാനും ആവശ്യത്തിന് സമയം ലഭിക്കണം. രോഗിക്കാണെങ്കിലും ഡോക്ടറോട് സംശയങ്ങൾ തീർത്ത് പോകാൻ അവസരം ലഭിക്കണം. ഇവിടെ നമ്മുടെ സർക്കാർ ആശുപത്രികളിൽ ഇതാണോ സ്ഥിതി ? സെക്കൻ്റുകൾ കൊണ്ട് രോഗികളെ പരിശോധിച്ച് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ലോകത്തിലെ തന്നെ നമ്പർ വൺ ആരോഗ്യ മോഡൽ ആണ് ഇന്ന് കേരളം. ഇവിടുന്നാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ഡോക്ടറുടെ കുറിപ്പടി ഇംഗ്ലീഷ് കാപ്പിറ്റൽ ലറ്ററിൽ എഴുതാനും രാസനാമം എഴുതാനും വരെ വേണം സമയം.
ഇതിന് ഒരു പരിഹാരം ഡോക്ടർ രോഗി അനുപാതം നിശ്ചയിച്ചു നൽകുക എന്നത് മാത്രമാണ്. ഓരോ സ്പെഷ്യാലിറ്റിയിലും ഇത് വ്യത്യസ്തമായിരിക്കും. ജനറൽ പ്രാക്ടീക്ഷണർക്ക് ചുരുങ്ങിയത് ഏകദേശം 10 മിനിട്ട് ഒരു രോഗിക്ക് നൽകാനാവണം. ഒരു ഡോക്ടർക്ക് രാവിലത്തെ ഒ.പി.സമയത്ത് പരമാവധി 30 പേരെ മാത്രമേ പരിശോധിക്കാൻ സാധിക്കുകയുള്ളൂ. നമ്മൾ പരിശോധിച്ച് തുടങ്ങുന്ന രോഗികളോട് നീതി പുലർത്താൻ നമുക്കാവണം. അതാണ് കോടതികൾ നിരീക്ഷിക്കുന്നതും. ചികിത്സിക്കുന്ന രോഗികളോട് ഡോക്ടർക്ക് നീതി പുലർത്താൻ സാധിക്കണം. വരുന്ന മുഴുവൻ രോഗികൾക്കും ചികിത്സ ലഭ്യമാക്കുക എന്നത് ഭരണ കൂടം നടപ്പാക്കേണ്ട നീതിയാണ്. ഭരണകൂടങ്ങൾ ഈ നീതി നടപ്പാക്കാൻ തയാറാകുന്നില്ലെങ്കിൽ ഡോക്ടർമാരുടെയും ചികിത്സിക്കുന്ന രോഗികളുടെയും അവകാശം സംരക്ഷിക്കാൻ സാമൂഹിക പ്രതിബന്ധതയുള്ള നമ്മുടെ സംഘടന കെ.ജി.എം.ഒ.എ മുന്നിട്ടിറങ്ങണം. മുൻ കൂട്ടി നിശ്ചയിച്ച തിയ്യതി മുതൽ ഈ ക്രമ പ്രകാരമായിരിക്കും ചികിത്സ നടത്തുന്നത് എന്ന് സർക്കാരിനെയും പൊതു സമൂഹത്തെയും സംഘടന അറിയിക്കണം. ഇത് നമുക്ക് നമ്മുടെ രോഗികളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ നീതിയാണ്. ഇത് കേവലം ഒ.പി. പരിശോധനയുടെ കാര്യത്തിൽ മാത്രമല്ല, ചെറിയ മുറിവ് തുന്നൽ മുതൽ ഓപ്പറേഷൻ തീയറ്ററിൽ നടക്കുന്ന വലിയ സർജറികൾക്ക് വരെ ഇത് ബാധകമാക്കണം.
പൊതു ജനങ്ങളോട് :
ഡോക്ടർമാർ ദൈവങ്ങളല്ല എന്ന് മനസ്സിലാക്കുക. വൈകാരികതയുടെ പേരിൽ ഡോക്ടർമാരെ കൊല്ലാൻ ശ്രമിക്കുന്നവരെ ക്രിമിനൽസ് എന്നല്ലാതെ വേറെ ഒന്നും വിശേഷിപ്പിക്കാനാവില്ല.സർക്കാർ ഡോക്ടർമാർക്കെതിരെ അടിക്കടി ഉണ്ടാകുന്ന അക്രമങ്ങളും ആരോപണങ്ങളും സോഷ്യൽ മീഡിയ പ്രതികരണങ്ങളും ജനങ്ങൾ ശ്രദ്ധിച്ചു കൈ കാര്യം ചെയ്തില്ലെങ്കിൽ അത് ഡോക്ടർമാരെ ഡിഫൻസിവ് പ്രാക്ടീസിലേക്കാണ് നയിക്കുക. എന്നു വെച്ചാൽ അനാവശ്യ പരിശോധനകൾക്ക് രോഗി വിധേയമാവുന്നതിന് പുറമെ ഡോക്ടർമാർ റിസ്ക് എടുക്കാൻ തയാറാകാതെ നിയമ പരിരക്ഷയെങ്കിലും ലഭിക്കാൻ റഫർ ചെയ്ത് ആരോഗ്യച്ചെലവ് വർധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. പൊതുസ്രോതസ്സുകൾ നഷ്‌ടപ്പെടുകയും ഡോക്ടർ–രോഗി വിശ്വാസം കുറയുകയും ആരോഗ്യമേഖലയിലെ ഗുണനിലവാരം തന്നെ താഴുകയും ചെയ്യും. അക്രമം പരിഹാരമല്ല. പൊതുജനങ്ങളാണ് ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സർക്കാർ ആശുപത്രികളിൽ എണ്ണം കൂട്ടാൻ ആവശ്യപ്പെടേണ്ടത്. അല്ലാതെ ഡോക്ടർമാരല്ല. നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ ചോദിച്ച് വാങ്ങേണ്ടത് ഭരണകൂടത്തിൽ നിന്നും ആണ്. അല്ലാതെ നാട്ടിൽ തോറ്റതിന് അമ്മയോട് എന്ന സമീപനം ഡോക്ടർമാരോട് കാണിച്ചു കൊണ്ടാവരുത്. അത് മാറിയില്ലെങ്കിൽ കേരളം പൊതുജനാരോഗ്യ രംഗത്ത് വൻ ദുരന്തത്തിലേക്കായിരിക്കും എത്തിച്ചേരുക.
മാധ്യമ പ്രവർത്തകരോട് :
ചാനലുകളുടെ റേറ്റിംഗ് കൂട്ടാനും സർക്കാരിന് എതിരായ ജന വികാരം ഉണർത്താനും ആരോഗ്യ മേഖലയെ നിങ്ങൾ തിരഞ്ഞെടുത്തതിനെ വേദനാജനകം എന്നെ പറയാനുള്ളു. അവതാരകരും റിപ്പോർട്ടർമാരും ചികിത്സ പിഴവുകൾ ഉറപ്പിക്കുന്നതു കണ്ടാൽ തോന്നും ഇവർ വിദഗ്ധ ചികിത്സകരാണെന്ന്. കഠിനമായ അഞ്ചര വർഷത്തെ എം.ബി.ബി.എസ് പഠനവും പിന്നെ മൂന്നു വർഷത്തെ പി.ജി. ബിരുദവും പഠിച്ചിറങ്ങിയ ഡോക്ടർമാരേക്കാൾ വൈദഗ്ധ്യത്തോടെയാണ് ചാനലുകളുടെ റിപ്പോർട്ടിംഗ്. ചികിത്സാ പിഴവ് വിധിക്കുന്ന നിങ്ങൾ അതുമായി ബന്ധപ്പെട്ടവരുമായി ഒരു അന്വേഷണവും നടത്താതെ എക്സ്ക്ലൂസീവ് വാർത്തകൾ സൃഷ്ടിക്കുമ്പോൾ ഒന്ന് ഓർക്കുക, തകരുന്നത് നിങ്ങളും ഞാനുമൊക്കെ ചികിത്സ തേടേണ്ട സർക്കാർ സംവിധാനങ്ങളാണ്.
സർക്കാറിനോട് ഒരപേക്ഷ :
പൊതു ജനാരോഗ്യ രംഗത്ത് നമ്പർ വൺ എന്ന കേരളത്തിൻ്റെ ഖ്യാതിക്ക് മങ്ങലേൽക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. നീലച്ചായവും എയർപോർട്ട് ചെയറും കുടിവെള്ളവും പൂന്തോട്ടവും സജ്ജീകരിച്ച് സർക്കാർ ആശുപത്രികളെ ഗുണനിലവാരത്തിൽ ഉയർത്തി സംസ്ഥാനതല ദേശീയ തല അവാർഡുകൾ വാങ്ങി കൂട്ടാനും പ്രഖ്യാപിക്കാനും മാത്രമായോ ഇടപെടൽ എന്ന് വിലയിരുത്തണം. അവാർഡുകൾ പ്രഖ്യാപിച്ച് പൊതു ജനങ്ങൾക്ക് അമിത പ്രതീക്ഷ നൽകി ആശുപത്രിയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതാണ് വസ്തുത. ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും എണ്ണം ആനുപാതികമായി വർദ്ധിപ്പിക്കാതെ ഈ രംഗത്ത് എങ്ങിനെ ഗുണ നിലവാരം ഉയർത്താനാവും ? അതിന് സർക്കാർ മുതിർന്നില്ലെങ്കിൽ പരാതികളും അക്രമങ്ങളും കൊലപാതകവും വരെ ഇവിടെ സർവ്വ സാധാരണമാവും. 2025 ജനുവരിയിൽ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിലെ പോരായ്മകൾ പരാമർശിച്ച് പ്രസിദ്ധീകരിച്ച എ. ജി. റിപ്പോർട്ട് സർക്കാർ കാണാതെ പോവരുത്. പരിഹാരത്തിന് ശ്രമിച്ചില്ലെങ്കിൽ കേരള മോഡലിൻ്റെ ആണിക്കല്ല് തന്നെ ഇളകും എന്ന കാര്യത്തിൽ സംശയമില്ല.
സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കുറിപ്പ് അവസാനിക്കുന്നു.
ജയ് കെ.ജി.എം.ഒ.എ, ഡോ. റഊഫ്.എ.കെ.കെ .ജി.എം.ഒ.എ മുൻ സംസ്ഥാന പ്രസിഡണ്ട്) എന്നിവരുടെ പേരിലുള്ള കുറിപ്പ് ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
Over 9,000 Homoeopathic Doctors Plan Hunger Strike at Azad Maidan
Survey Reveals Health Concerns Among Kozhikode's Food Handlers
Tamil Nadu Government Doctors Express Disappointment Over Health Budget
കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.
അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.
Odisha Plans to Hire 1,840 Doctors and Over 5,000 Paramedics Soon
We have various options to advertise with us including Events, Advertorials, Banners, Mailers, etc.